Friday, September 27, 2013

സഹയാത്രികന്‍..


വർഷങ്ങൾക്കു ശേഷം എനിക്ക്‌ പുതിയൊരു മേൽവിലാസം ഉണ്ടായിരിക്കുന്നു.
ആറാം നിലയിലെ d ഫ്ലാറ്റ്‌.
ആറാം നിലയിൽ ലിഫ്റ്റിറങ്ങിയാൽ കാണുന്ന വലതുവശത്തെ ആദ്യത്തെ ഡോർ A6d.‌
മൂന്ന് അക്കങ്ങളിലെ പുതിയ മേൽവിലാസം അരോചകമായി തോന്നുന്നു.
ഉയരങ്ങളിൽനിന്ന് ഗ്രൗണ്ട്‌ ഫ്ലോറിലെത്താനുള്ള ആശ്രയം വളരെയധികം ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ലിഫ്റ്റ്‌ ആയതിന്റെ ഏനക്കേടുകൾ വേറെയും..
കഴിഞ്ഞ ആഴ്ചയിൽ അവനൊരു പ്രശ്നക്കാരനായി സമയം അപഹരിച്ചിരുന്നു
പുതിയ തലമുറയുടെ തലതിരിഞ്ഞ ബുദ്ധി,
അല്ലാതെന്തു പറയാൻ.. ആറാം നിലയെ മൂന്നെന്നും മൂന്നാം നിലയെ മൈനസ്‌ മൂന്നെന്നും കാണിക്കുന്ന ഐക്കണുകളുടെ കളികൾ ഇന്നലെയാണു പൂർണ്ണമായും മനസ്സിലാക്കിയെടുത്തത്‌. ലിഫ്റ്റിന്റെ ഉപയോഗം ഒട്ടും ആവശ്യം വരാത്ത ഒറ്റനിലയിലാണു ജനിച്ചു വളർന്നത്‌..
അതുകൊണ്ട്‌ തന്നെ കുഞ്ഞുങ്ങളിൽ കാണുന്ന താല്പര്യം പോലുമില്ലാതെ ആശങ്കകളോടെയാണ് അത്യാവശ്യാവസരങ്ങളിൽ പോലും അതിനകത്ത്‌ കയറിപ്പറ്റിയിരുന്നത്‌.
ജോലിസ്ഥലത്തും മനപ്പൂർവ്വം അവഗണിച്ചുകൊണ്ടിരുന്നതും ഈ മെഷീനെ തന്നെയായിരുന്നു.

പുതിയ അന്തരീക്ഷത്തിൽ അല്പം ധൈര്യം ലഭിച്ചിട്ടുണ്ട്‌.
കൂടെ യൗവ്വനവുമെന്ന് മനസ്സ്‌ പറയുന്നു.

" ഞാനും ഇവിടെ ഇറങ്ങുന്നു "

ലിഫ്റ്റിന്റെ ഡോർ അടക്കുവാനൊരുങ്ങുമ്പോഴാണ് ഡോറിന്റെ സ്ലൈഡിലെ എന്റെ കൈക്കു മുകളിൽ ഒരു കരസ്പർശം പതിഞ്ഞതറിഞ്ഞത്‌. ഇദ്ദേഹം എപ്പോൾ ഇതിനകത്ത്‌ കയറിയെന്നു പോലും ഓർക്കുന്നില്ല.
സ്ലൈഡ്‌ ഡോറിൽനിന്ന് കൈവലിച്ച്‌ ഞാൻ ചിരിക്കാൻ ശ്രമിച്ചു.
ലിഫ്റ്റിൽനിന്നിറങ്ങി നിശബ്ദയായി A6d ലേക്ക്‌ നീങ്ങുമ്പോൾ എതിർവശത്തെ ഡോർ തുറന്ന് അദ്ദേഹം A6c ലേക്ക്‌ കയറുന്നതറിയുവാൻ കഴിഞ്ഞു.
മുഹമ്മദ്‌ മുസ്തഫ, അതാണദ്ദേഹത്തിന്റെ പേരെന്ന് പിറ്റേന്ന് ഫ്ലാറ്റ്‌ വിട്ടിറങ്ങുമ്പോൾ A6c യുടെ ഡോറിനു അലങ്കാരമായി തൂങ്ങുന്ന സ്വർണ്ണ ഫ്രെയിമുള്ള നെയിം പ്ലേറ്റിൽനിന്ന് അറിയുവാൻ കഴിഞ്ഞു.
പ്രശസ്തനായ ഒരു ടൂറിസ്റ്റ്‌ ഗൈഡ്‌ കൂടിയാണ് അദ്ദേഹമെന്ന് നെയിംപ്ലേറ്റിനു ചുവടെയുള്ള കോപ്പർ ഫലകത്തിലെ വിവരണങ്ങളില്‍ നിന്നും മനസ്സിലാക്കുവാനായി.
ഫ്ലാറ്റ്‌ പൂട്ടി ലിഫ്റ്റിനകത്ത്‌ കയറി ഡോർ അടക്കുവാൻ തുടങ്ങിയതും ഇന്നലത്തെ അതേ സ്പർശം എന്റെ കൈക്കുമേൽ വീണ്ടും പതിഞ്ഞതായി അനുഭവപ്പെട്ടു.
ചിന്തകളിലെന്ന പോലെ അദ്ദേഹത്തിന്റെ സാമിപ്യവും തന്നെ അലസോരപ്പെടുത്തുകയാണെന്ന് മനസ്സുറപ്പിക്കുമ്പോഴേക്കും അദ്ദേഹം ലിഫ്റ്റ്‌ഡോർ അടച്ചു കഴിഞ്ഞിരുന്നു.

"എപ്പോഴായിരിക്കും അദ്ദേഹം A6c നിന്നിറങ്ങി ലിഫ്റ്റിൽ പ്രവേശിച്ചത്‌ ?
ഞാൻ A6c മുന്നിൽ ലോകം മറന്നു നിന്നത്‌ അദ്ദേഹം കണ്ടുകാണുമല്ലൊ..ഹൊ..ജാള്യത മറച്ചു വെക്കാനാവുന്നില്ല.
ചിലപ്പോൾ ഞാനിങ്ങനെയാ..
സ്ഥലകാലബോധമില്ലാതെ പെരുമാറുന്നു..
പരിസരം മറക്കുന്നു "

ഞാൻ പിന്നെയും നിശബ്ദതയുടെ കൂട്ടുപിടിച്ച്‌ അദ്ദേഹത്തെ അഭിമുഖീകരിച്ചുകൊണ്ട്‌ നിന്നു. ഞങ്ങൾക്കിടയിൽ വലിയൊരു അകലമുണ്ടെന്ന ധാരണ വരുത്തികൊണ്ടായിരുന്നു ആ നിൽപ്പ്‌. എന്നിട്ടും വീര്യം കൂടിയ വിദേശ അത്തറിന്റെ ഗന്ധം എന്നെ മത്തുപിടിപ്പിക്കും പോലെ മൂക്കിൽ തുളച്ചു കയറി. അപ്പോഴാണ് അദ്ദേഹത്തിന്റെ വിലകൂടിയ മൊബൈല്‍ ശബ്ദിച്ചത്‌.

ചുണ്ടുകളെ നോവിപ്പിക്കരുതെന്ന ഉദ്ദേശത്തിൽ അദ്ദേഹം കരുതലോടെ സംസാരിക്കുന്ന പോലെ..

ആ ഫോൺ സംഭാഷണം നടക്കുമ്പോൾ എവിടെയൊ കണ്ടുമറന്ന തടാകക്കരയിൽ ഞാൻ അദ്ദേഹത്തോടൊപ്പം ഉലാത്തുകയായിരുന്നു.
കളിത്തോണികളെന്ന് തോന്നിപ്പിക്കുന്ന ഒരു കൂട്ടം സവാരി ബോട്ടുകൾ തലങ്ങും വലങ്ങുമായി നീങ്ങുന്നുണ്ടായിരുന്നു.
ഇൻഡ്യയിലും വിദേശത്തുമായുള്ള വിവിധ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളെകുറിച്ച്‌ ചുണ്ടുകളെ നോവിപ്പിക്കാതെ തന്നെ അദ്ദേഹം വർണ്ണിക്കുന്നുണ്ട്‌.
വളരെ താമസിയാതെ അവിടേക്കുള്ള യാത്രകൾ തരപ്പെടുത്തുമെന്ന വാഗ്ദാനവും നൽകി അദ്ദേഹമെന്റെ മോതിരമണിഞ്ഞ വിരലിനെ വേദനിപ്പിക്കാതെ ഇറുക്കി.
ചലനമറ്റ തടാകജലം കണക്കെ എന്റെ ചുണ്ടുകൾ അപ്പോഴും നിശബ്ദമായിരുന്നു.

"റോസ്‌ മേരി ഇറങ്ങുന്നില്ലേ..?"

പതിഞ്ഞ സ്വരം ചിന്തകളെ ഉണർത്തി.
ഞാൻ റോസ്‌ മേരിയാണെന്ന് മുഹമ്മദ്‌ എങ്ങനെ അറിഞ്ഞു ?
ചോദിക്കാൻ ഒരുമ്പെടും മുന്നെ മറുപടി എനിക്ക്‌ വ്യക്തമായിരുന്നു. എന്റെയും നെയിംപ്ലേറ്റ്‌ A6d ൽ തൂങ്ങുന്നുണ്ടല്ലൊ..!
ലിഫ്റ്റ്ഡോർ അടക്കുമ്പോൾ അദ്ദേഹം പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
ആ ചിരിയോടൊരു പ്രത്യേക ഇഷ്ടം ഇതിനകം തോന്നിത്തുടങ്ങിയിരിക്കുന്നു.
ഒന്നുകൂടെ കാണാൻ ആഗ്രഹിച്ച്‌ ആ മുഖം നോക്കിയപ്പോള്‍ നേരിടാനാവാത്ത വിധം വിടർന്ന പുഞ്ചിരിയോടെ അദ്ദേഹത്തിൽനിന്ന് വാക്കുകൾ ഉതിർന്ന് വീണു.

"ആഡംബരങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഒട്ടനേകം ധൂർത്തുകൾ കണ്ടും കേട്ടും അറിഞ്ഞും ആസ്വദിച്ചും കഴിഞ്ഞിരിക്കുന്നു. അതുകൂടികൊണ്ടായിരിക്കാം  ഈ അവഞ്ജത.
രത്നാഭരണങ്ങൾ അണിഞ്ഞ സ്ത്രീകളെ ഞാൻ പുച്ഛത്തോടെ മാത്രം വീക്ഷിക്കുന്നു. അവരുമായുള്ള പരിചയം പുതുക്കലിനു പോലും ഞാൻ താല്പര്യം കൊടുക്കാറില്ല..
മുഖംതിരിച്ച്‌ നടക്കുന്ന എന്നെ പഴിക്കുന്ന ചായം പൂശിയ ചുണ്ടുകളെ ഞാൻ അവഗണിക്കുകയാണു പതിവ്‌..
പക്ഷേ, ഈ രത്നക്കല്ലണിഞ്ഞ വിരലിനോടെനിക്ക്‌ ഇഷ്ടം തോന്നുന്നു. എതിർവാതിലിനോട്‌ തോന്നുന്ന അടുപ്പമായിരിക്കാം.“

അദ്ദേഹമീ രഹസ്യം പങ്കുവെക്കുമ്പോൾ ഞാൻ അദ്ദേഹത്തോടൊപ്പം ഒരു മനോഹരമായ ഉദ്യാനത്തിലായിരുന്നു.
അദ്ദേഹം ക്ഷണിക്കാതെ തന്നെ ഞാനദ്ദേഹത്തെ തേടി അവിടെ എത്തിപ്പെട്ടതാണെന്ന സങ്കോചം എനിക്കുണ്ടായിരുന്നു.
സംഗീതത്തിനനുസൃതമായി തുള്ളുന്ന വർണ്ണപ്പൊലിപ്പുള്ള വാട്ടർഫൗണ്ടൻ നേർത്ത നിലാവിൽ അദ്ദേഹത്തോടൊപ്പം ചേർന്നുനിന്ന് ആസ്വദിച്ചതിനുശേഷം ഒരു കപ്പ്‌ നെസ് കഫേ കുടിച്ചദ്ദേഹത്തോട്‌ യാത്രപറഞ്ഞ്‌ നീങ്ങുന്ന ദൃശ്യം കണ്ണിൽനിന്ന് മായുമ്പോഴേക്കും അദ്ദേഹം ലിഫ്റ്റിറങ്ങി കാർ ഡ്രൈവ്ചെയ്തു പോയിരുന്നു.

ഓഫീസ് ജോലികളിൽ ശ്രദ്ധ പതിയുന്നില്ല.
മുറിക്കുള്ളിലും പുറത്തുമായി ആളുകൾ തിരക്കിട്ട്‌ അങ്ങാട്ടുമിങ്ങോട്ടും പോയിക്കൊണ്ടിരിക്കുന്നു. അവരിൽ ചിലരുടെ കൈയ്യിൽ വിദേശയാത്രക്കുള്ള ടിക്കറ്റ്‌ ഉണ്ടായിരുന്നു.
ചിലർ സമീപപ്രദേശത്തേക്കുള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നതിനായി കാത്ത്‌ നിൽക്കുന്നു.

"റോസ് മേരീ..നീ എവിടെയാണ്....?"

മുറിയിലെ കോർണ്ണർ ചെയറിലിരുന്നു കൊണ്ട്‌ അദ്ദേഹം പതിവിനു വിപരീതമായി സ്വരമുയർത്തി ചോദിക്കുന്നു.

"ദാ..ഞാനിവിടെയുണ്ടെന്ന്"

അദ്ദേഹത്തിനരികിൽ ചെന്നുനിന്ന് ഉണർത്തിയപ്പോൾ ആ കണ്ണുകളിൽ ആശ്വാസം കാണാനായി
സ്വപ്നത്തിൽ പോലും കാണാനാവുമെന്ന് കരുതാത്ത വളരെ പ്രസിദ്ധരായ ചില വ്യക്തികളെ അദ്ദേഹമെനിക്ക്‌ പരിചയപ്പെടുത്തി തന്നു.
അവരുടെ സംഭാഷണങ്ങളിൽ ശ്രദ്ധ ചെലുത്തികൊണ്ട്‌ അത്യധികം വിനയത്തോടെ ഞാനവർക്കു മുന്നിൽ നിശബ്ദയായി നിന്നു.
ഞാൻ റോസ്മേരിയാണെന്നും ഒരു ട്രാവൽ ഏജൻസിക്കുവേണ്ടി ജോലി ചെയ്യുകയാണെന്നും എന്റെ വലത്തേ കയ്യിലെ മോതിരവിരലിൽ അണിഞ്ഞിരിക്കുന്ന വൈരക്കല്ല് മോതിരം എന്റെ മറ്റു വിരലുകളുടെ സൗന്ദര്യം കൂട്ടുന്നുവെന്നും സംസാരമദ്ധ്യേ പ്രശംസകളുടെ അംശമില്ലാത്ത ലളിത ഭാഷയിൽ അദ്ദേഹം വിസ്തരിച്ചു.

ഞാനത്‌ ആസ്വദിച്ചുവെന്ന് ബോദ്ധ്യപ്പെട്ടതും അദ്ദേഹമെന്നെ കളിയാക്കുവാനും മറന്നില്ല..
"പ്രശംസാവാക്കുകളിൽ കുടുങ്ങി തട്ടിവീണാൽ എന്നെ പറയരുത്‌ കേട്ടോ റോസ്മേരി..." അദ്ദേഹം ആദ്യമായി പൊട്ടിച്ചിരിക്കുന്നു..

കണ്ണുകളിലെ തിളക്കം വജ്രം പോലെ തോന്നിപ്പിച്ചു.
"അയ്യോ..ഇല്ലില്ലാ..വിശ്വസിക്കാൻ പ്രയാസമുള്ള സംഗതിയായി ഞാനീ കൂടിക്കാഴ്ച്ചയെ വിലയിരുത്തുകയാണ്..."
മുഖത്തും പ്രകടമായി വരുന്ന ജാള്യത മറച്ച്‌ പ്രശംസകളിൽ പ്രത്യേക താല്പര്യമില്ലെന്ന മട്ടിൽ അവരോട്‌ യാത്രപറയുമ്പോൾ ഓഫിസ്‌ മുറിയിലെ കോർണ്ണർ ചെയർ കാലിയായിരുന്നു.

" നീ ലിഫ്റ്റിൽ പൊയ്ക്കോളൂ, എനിക്ക്‌ പുകവലിക്കുന്ന ദുശ്ശീലമുണ്ട്‌..പുറകെ എത്തിക്കൊള്ളാം "

അദ്ദേഹം താമസിയാതെ A6c തുറന്നകത്ത്‌ പ്രവേശിക്കുമെന്ന് അറിയാമെങ്കിലും മുഹമ്മദ്‌ എന്നിൽനിന്നകന്ന് വളരെ ദൂരേക്ക്‌ പോകുന്നതായി എനിക്ക്‌ അനുഭവപ്പെട്ടു, അല്ലെങ്കിൽ സങ്കൽപ്പിച്ചു.

വിശ്വസിക്കാൻ പ്രയാസമായിരുന്നു. മണിക്കൂറുകളോളം തുടർച്ചയായി ഞാൻ അദ്ദേഹത്തോടൊപ്പം അത്യാധുനികത നിറഞ്ഞ ഡാൻസ്‌ ഹാളിൽ നൃത്തം ചെയ്യുകയായിരുന്നു. മങ്ങിയ വെട്ടങ്ങൾക്കിടയിൽ മുഹമ്മദ്‌ ഒരു സെന്റർ തീംലൈറ്റ്‌ പോലെ ശോഭിച്ചു. അദ്ദേഹത്തിന്റെ ചുവടുകൾക്കും ചലനങ്ങൾക്കും വേഷാലങ്കാരങ്ങൾക്കും അത്യാധുനികതയുടെ പ്രൗഡികളില്ലാത്ത വൃത്തി ഉണ്ടായിരുന്നു.
പുരുഷ സൗന്ദര്യമെന്ന് ഞാൻ വിശേഷിപ്പിക്കുന്ന എന്തോ ഒരു ശക്തിയും.
മുഴക്കങ്ങളില്ലാത്ത സംഗീതവും താളംതെറ്റാത്ത അദ്ദേഹത്തിന്റെ ചുവടുകളും എന്നിലെ നർത്തകിയെ കൂടുതൽ ലഹരിപിടിപ്പിച്ചു.
"റിയലി ഏ ഫാബുലസ്‌ പെർഫോമൻസ്‌ ",
അദ്ദേഹം കൈകൾ കൂട്ടിപ്പിടിച്ച്‌ കുലുക്കുകയും , ആലിംഗനം ചെയ്യുകയും കവിളുകൾ ഉരസി ചുംബിക്കുകയും ചെയ്യുമ്പോൾ നിദ്രയിൽ മുക്കാൽ സമയവും ഞാനദ്ദേഹത്തിനുവേണ്ടി ചിലവഴിച്ച്‌ കഴിഞ്ഞിരുന്നു.
എന്റെ മനസ്സിനു പ്രഭാത ഉന്മേഷംനൽകുന്ന ഗസൽ ഓൺ ചെയ്ത്‌ പാലും, പത്രവും എടുക്കാനായി ഡോർ തുറന്നപ്പോൾ അവ നീട്ടികൊണ്ട്‌ അദ്ദേഹം ചിരിച്ച്‌ നിൽക്കുന്നു.

"എന്താത്‌..ഉറക്കമില്ലേ..?
മുഹമ്മദ്‌ ഇത്രയും നേരത്തെ ഉണരുമൊ"
എന്ന ചോദ്യത്തിനു സുബഹിക്ക്‌ ശേഷം ഉറങ്ങുന്ന ശീലമില്ലെന്ന് അദ്ദേഹം പറയുന്നതായി ചുണ്ടുകൾ ചലിക്കുന്നുണ്ടെങ്കിലും കേൾക്കാനാവുന്നില്ലായിരുന്നു.
എന്താണു എനിക്ക്‌ പറ്റിയതെന്ന വൈഷ്യമത്തോടെ A6c ലേക്ക്‌ കണ്ണുകൾ പായിച്ചു.

"മുഹമ്മദ്‌ മുസ്തഫ എന്ന സ്വർണ്ണ നെയിം പ്ലേറ്റ്‌ എവിടെപോയി ?"

ഏതൊ ഒരു നോർത്ത്‌ ഇൻഡ്യൻ നാമം ഒരു മരക്കഷ്ണത്തിൽ A6c ന്റ്റെ മുന്നിൽ തൂങ്ങുന്നു.
ലിഫ്റ്റ്‌ താഴേക്ക്‌ പോകുന്നതിന്റെ ശബ്ദവും ഐക്കൺ ഗ്രൗണ്ട്‌ ഫ്ലോർ കാണിക്കുന്നതായും മനസ്സിലാക്കിയപ്പോൾ കൈവിരലിലെ വജ്രമോതിരം അറിയാതെ ഊരി കയ്യിലെടുത്തു.
ലിഫ്റ്റ്‌ താഴെയെത്തിയതും വിദേശ അത്തറിന്റെ ഗന്ധം അലിഞ്ഞില്ലാതായി. അദ്ദേഹം കാറിൽ കയറി സീറ്റ് ബെൽറ്റ്‌ ധരിക്കും വരേക്കും A6c ന്റ്റെ മുന്നിൽ കാത്തു നിന്നു.
പിന്നെ ഞാനെന്റെ മുറിയിലേക്ക്‌ കയറി മൊബൈലെടുത്ത്‌ ഓഫിസ്സിലേക്ക്‌ ഒരു സന്ദേശമയച്ചു.

"സിക്ക്‌ ലീവ്‌ "

ഇനി എന്ത്‌..?
അതെ, ഉറങ്ങിത്തീരാത്ത നിദ്രക്കുവേണ്ടി കാത്തു കിടക്കാം,
ചുവരു നോക്കി തിരിഞ്ഞു കിടക്കുമ്പോഴും മനസ്സ്‌ എണ്ണിക്കൊണ്ടിരിക്കായിരുന്നു.

"ആറാം നിലയിൽനിന്ന് ഗ്രൗണ്ട്‌ ഫ്ലോറിലേക്ക്‌ എത്ര പടികൾ കാണും..?"

എണ്ണം തെറ്റിക്കൊണ്ടേയിരിക്കുന്നു.
നിദ്രയെ തേടി അലയുമ്പോഴും കൈകാൽപേശികൾ മുറുകുന്നത്‌ അറിയാമായിരുന്നു.
വെളുത്ത മേനിയിൽ പടികൾ ചവിട്ടിറങ്ങുകയും കയറുകയും ചെയ്തപ്പോഴത്തെ വിയർപ്പിന്റെ നനവുമായി ഞാൻ മെത്തയിൽ തളർന്ന് കിടന്നു!

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...